ദിലീപിന്റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും കണ്ടെടുത്തതായി റിപ്പോർട്ട്

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ ക്രൈബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. എട്ടു മണിക്കൂർ നേരത്തോളമാണ് ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോൺ തുടങ്ങിയവ ദിലീപിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് പൂർത്തിയായത്.

ദിലീപിന്റെ നിർമാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്ന വിവരം ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പല ബില്ലുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ഒരു കവറിലാക്കിയാണ് ദിലീപിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം സാധനങ്ങൾ കൊണ്ടുപോയത്. ഹാർഡ് ഡിസ്‌കുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമാണ് ഇതിനുള്ളിൽ എന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദിലീപിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തുക എന്നതായിരുന്നു പരിശോധനയ്ക്ക് പിന്നാലെ പ്രധാന ലക്ഷ്യം. എന്നാൽ തോക്ക് പരിശോധനയിൽ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ ആരോപിച്ചിരുന്നു. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടി കൂടിയാണ് അന്വേഷണ സംഘം ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തിയത്.