കൊവിഡ് വ്യാപനം: സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്കോ? തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമോ എന്നതിലുള്ള തീരുമാനം നാളെ അവലോകനയോഗത്തില്‍. എന്നാല്‍, സ്‌കൂളുകള്‍ അടക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഒമിക്രോണും ഡെല്‍റ്റയും കുട്ടികളില്‍ വലിയ ആഘാതമുണ്ടാക്കില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തുടരാന്‍ അനുമതി നല്‍കാന്‍ സാധ്യതയുണ്ട്.

നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മാത്രമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യ നിയന്ത്രണം, ആള്‍കൂട്ടമുണ്ടാകുന്നത് തടയല്‍, ഓഫീസുകളിലെ ഹാജര്‍ നില കുറയ്ക്കല്‍, സ്‌കൂളുകള്‍ അടക്കല്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ചീഫ്‌സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, അത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത.

ഓഫീസുകളില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തല്‍, ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിശ്ചിതപ്പെടുത്തല്‍, ഹോട്ടലുകളിലും റെസ്റ്റൊറന്റുകളിലും ഇരുന്നു കഴിക്കാനുള്ള അനുമതി ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പൊതുസ്ഥലത്ത് കൂട്ടം കൂടുന്ന പരിപാടികള്‍ നിയന്ത്രിക്കുമെന്നും സൂചനയുണ്ട്. ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതു കൂടി പരിഗണിച്ചാണ് നാളത്തെ യോഗം.