തിരുവനന്തപുരം: കെ-റെയില്‍ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ലെന്ന് റെയില്‍വേ. റെയില്‍വേയില്‍ നിന്നും കുറച്ച് യാത്രക്കാര്‍ കെ-റെയിലിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമാവില്ലെന്നും പദ്ധതിക്കായുള്ള ചിലവ് കണക്കുകള്‍ പരിഷ്‌കരിക്കാനും റെയില്‍വെ ബോര്‍ഡ് കെ-റെയിലിന് നിര്‍ദ്ദേശം നല്‍കി. പദ്ധതിയെ കുറിച്ച് സമൂഹത്തില്‍ നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും അതിനെയൊക്കെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.
63,000 കോടിയാണ് പദ്ധതിയുടെ ചിലവായി 2020 മാര്‍ച്ച് മാസത്തെ നിരക്കിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കണക്ക് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര റെയില്‍വെ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ പദ്ധതി ചിലവ് സര്‍ക്കാര്‍ പറയുന്ന കണക്കില്‍ നിന്നും കുതിച്ചുയരാനാണ് സാധ്യത.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 79,000 യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പുന:പരിശോധന ആവശ്യമാണെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ശരിയായ നിരക്കും യാത്രക്കാരുടെ എണ്ണവും നിശ്ചയിച്ചാല്‍ മാത്രമേ പദ്ധതി പ്രായോഗികമാകുകയുള്ളുവെന്നും കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് നിര്‍ദ്ദേശിച്ചു.

