ചുരുളിയിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചതെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ഭാഷാപ്രയോഗങ്ങളില്‍ ഏറെ വിവാദമായ ചിത്രമായിരുന്നു ‘ചുരുളി’. എന്നാല്‍, സിനിമയിലെ ഇത്തരം പ്രയോഗങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് എഡിജിപിയും സംഘവും വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനാണ് പ്രധാനമെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ഭാഷാ പ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചതാണെന്നും എഡിജിപി അടക്കമുള്ള മൂന്നംഗ അന്വേഷണ സംഘം വിലയിരുത്തി.

ചുരുളിയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സിമിതിയെ നിയമിച്ചത് ഹൈക്കോടതിയാണ്. സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. ‘ചുരുളി’ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹര്‍ജി നല്‍കിയത്.