നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാവര്‍ക്കും തൊഴില്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ, സൗജന്യ വൈദ്യുതിയും, ചികിത്സയും’; പഞ്ചാബ് മോഡലുമായി കെജ്രിവാള്‍

മൊഹാലി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘പഞ്ചാബ് മോഡല്‍’ അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടുത്ത അഞ്ച് വര്‍ഷത്തിനകം പഞ്ചാബ് സാമ്പത്തികമായി മുന്നേറുമെന്നും തൊഴില്‍ തേടി പോയ യുവാക്കള്‍ തിരിച്ചെത്തുമെന്നും കെജ്രിവാള്‍ ഉറപ്പ് നല്‍കി. ആംആദ്മി പാര്‍ട്ടിയെ ജയിപ്പിച്ചാല്‍ എല്ലാ ജനങ്ങള്‍ക്കും തൊഴില്‍ നല്‍കുമെന്നും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും പഞ്ചാബ് വിപ്ലവം സൃഷ്ടിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മയക്കുമരുന്ന് സംഘത്തെ തുടച്ചുനീക്കുകയും നീതി ഉറപ്പാക്കുകയും, അഴിമതി അവസാനിപ്പിക്കുകയും ചെയ്യും. 16,000 മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കുകയും, ഓരോ പഞ്ചാബിക്കും സൗജന്യ ചികിത്സ നല്‍കുകയും ചെയ്യും. സൗജന്യ വൈദ്യുതി നല്‍കും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്നും കെജ്രിവാള്‍ വാഗ്ദാനം ചെയ്തു.കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്നും പ്രധാനമന്ത്രിക്കും സാധാരണജനങ്ങള്‍ക്കും വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു. മൊഹാലിയില്‍ നടന്ന സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.