ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് അടിയറവ് പറയിച്ച് ബംഗളൂരു എഫ്‌സി. ബംഗളൂരുവിന് വേണ്ടി പ്രിന്‍സ് ഇബാറ ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ എട്ടാം മിനുറ്റില്‍ തന്നെ ഡാനിഷ് ഫാറൂഖി ഭട്ടിന്റെ ഗോളിലൂടെ ബംഗളൂരു ആദ്യ ലീഡ് നേടി. 23ാം മിനുറ്റില്‍ ഇബാറയുടെ ആദ്യ ഗോളിലൂടെ എതിരില്ലാത്ത രണ്ട് ഗോള്‍ എന്ന നിലയില്‍ ബംഗളൂരു ലീഡ് ഉയര്‍ത്തി.
ആദ്യ പകുതിക്ക് ശേഷമുള്ള ഇഞ്ചുറി ടൈമിലാണ് ഇബാറയുടെ രണ്ടാം ഗോള്‍ പിറന്നത്. എന്നാല്‍, മത്സരത്തിന്റെ രണ്ടാം പകുതി ഗോള്‍ രഹിതമായി പൂര്‍ത്തിയാവുകയും ചെയ്തു. സീസണില്‍ നിലവില്‍ മുംബൈയും ബംഗളൂരുവും മാത്രമാണ് 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അഞ്ച് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി 17 പോയിന്റോടെ രണ്ടാം സ്ഥാനത്ത് മുംബൈയും, മൂന്ന് ജയവും നാല് വീതം സമനിലയും തോല്‍വിയുമായി 15 പോയിന്റോടെ ഏഴാം സ്ഥാനത്ത് ബംഗളൂരുവും നിലകൊള്ളുന്നുണ്ട്.

