കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവുകളുണ്ടാവുന്നതിനിടെ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ നടന് ദീലീപിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
ആരോപണത്തില്‍ ദിലീപടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും, ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നുമാണ് ദിലീപിന്റെ ആരോപണം.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാംപ്രതി ദിലീപിന്റെ സഹോദരന് അനൂപ്, മൂന്നാംപ്രതി സൂരജ്, നാലാംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാംപ്രതി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് പുതിയ കേസിലെ പ്രതികള്‍. ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

