ഇടുക്കിയില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പിന്നില്‍ കെഎസ് യു- യൂത്ത് കോണ്‍ഗ്രസുമെന്ന് സിപിഎം

ഇടുക്കി: ഇടുക്കി പൈനാവില്‍ എഞ്ചിനീയറിംഗ് കോളജില്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രനെ കുത്തിയത് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന ആരോപണവുമായി എസ്എഫ് ഐയും സിപിഎമ്മും രംഗത്ത്. സംഘര്‍ഷ സാധ്യതകളൊന്നുമില്ലാതിരുന്ന കോളേജില്‍ പുറത്തു നിന്നെത്തിയ സംഘമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിപിഎം കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി സി.വി.വര്‍ഗീസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെ എസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവവുകയും ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കുത്തുകയുമായിരുന്നുവെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതികരണം.