ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് ബിഎസ്പിയും കോൺഗ്രസും

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാനാണ് ബിഎസ്പിയുടെയും കോൺഗ്രസിന്റെയും തീരുമാനം. ഇരു പാർട്ടികളും ഇതുസംബന്ധിച്ച തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു. ബിജെപിക്കെതിരെ എന്നാവർത്തിക്കുമ്പോഴും പ്രതിപക്ഷത്തിൽ ഭിന്നത തുടരുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായി സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയ്ക്ക് സിപിഎമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ ഒറ്റയ്ക്ക് ബിഎസ്പി ഭൂരിപക്ഷം നേടി ഉത്തർപ്രദേശിൽ അധികാരത്തിലെത്തുമെന്നാണ് മായാവതി ഉന്നയിക്കുന്ന അവകാശവാദം. കഴിഞ്ഞ ലോക്‌സഭയിൽ മായാവതിയും അഖിലേഷ് യാദവും സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പി- കോൺഗ്രസ് സഖ്യത്തിനും അധികാരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രമുണ്ടാകുമെന്നും യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

യുപി തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.