ഇന്ത്യയിലെത്തുന്നവര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ അറിയാം

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കായി പുതിയ കൊവിഡ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2022 ജനുവരി 11 മുതലായിരിക്കും പുതിയ പ്രോട്ടോക്കോള്‍ നിലവില്‍ വരിക.

യാത്രക്ക് തയ്യാറെടുക്കുമ്പോള്‍

കൃത്യമായ വിശദ വിവരങ്ങള്‍ അടങ്ങിയ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത കോവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുപുറമേ ഈ റിപ്പോര്‍ട്ട് ആധികാരികമായതാണെന്നും വ്യാജമാണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകാന്‍ സന്നദ്ധരാണെന്നും അറിയിച്ചു കൊണ്ടുള്ള ഒരു ഡിക്ലറേഷനും നല്‍കണം. എയര്‍ സുവിധാ പോര്‍ട്ടലിലോ അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സിവില്‍ വ്യോമയാന മന്ത്രാലയത്തിനോ, യാത്രചെയ്യുന്ന വിമാനക്കമ്പനി വഴി, ഇന്ത്യയില്‍ എത്തിയാല്‍, അധികാരപ്പെട്ട സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്നും, അവര്‍ അനുശാസിക്കുന്നതിനനുസരിച്ച് ഹോം ക്വാറന്റൈന്‍/ ഇന്‍സ്റ്റിറ്റിയുഷണല്‍ ക്വാറന്റൈന്‍/ സെല്‍ഫ് ഹെല്‍ത്ത് മോണിട്ടറിങ് എന്നിവയ്ക്ക് തയ്യാറാണെന്നും ഉള്ള ഒരു ഉറപ്പ് നല്‍കണം.

വിമാനത്തില്‍ കയറുന്നതിനു മുന്‍പ്

എയര്‍ സുവിധ പോര്‍ട്ടലില്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കുകയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവരെയും മാത്രമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കുക. അതുപോലെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ മാത്രമാണ് തെര്‍മല്‍ സ്‌ക്രീനിംഗിനു ശേഷം വിമാനത്തില്‍ പ്രവേശിപ്പിക്കുക.

യാത്ര ചെയ്യുമ്പോള്‍

വിമാനത്തിനുള്ളില്‍ കൊവിഡുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.

ഇന്ത്യയില്‍ എത്തിയാല്‍

സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം വിമാനത്തില്‍ നിന്നും പുറത്തിറങ്ങേണ്ടത്. എല്ലാ യാത്രക്കാരേയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും. സ്‌ക്രീനിംഗിനിടയില്‍ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മെഡിക്കല്‍ ഫസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്യും. രോഗം സ്ഥിരീകരിച്ചല്‍ അവരുമായി സമ്പര്‍ക്കത്തില്‍ പെട്ടവരെ കണ്ടെത്തി ഐസൊലേഷന് വിധേയരാക്കും.