തിരുവനന്തപുരം: അമേരിക്കയിൽ വിദഗ്ധ ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും, മുഴുവൻ ജനങ്ങൾക്കും ലഭ്യമാകേണ്ട വിദഗ്ദ്ധ ചികിൽസയിലും സർക്കാരാശുപത്രികളിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉൾപ്പെടെ സുരക്ഷയിലും താങ്കളുടെ സർക്കാർ ഒരു വലിയ പരാജയമാണെന്ന സത്യം മനസ്സിൽ വച്ചുകൊണ്ടായിരിക്കണം ഈ യാത്രയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശോഭാ സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും ശോഭാ സുരേന്ദ്രൻ ഉന്നയിച്ചു. എന്താണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളേക്കുറിച്ച് ഉയർന്നുവന്ന പരാതികൾ നിരവധിയാണ്. ചികിൽസാ പിഴവ് മൂലമുള്ള മരണങ്ങൾ, ഡോക്ടർമാർ മുതൽ താഴേക്ക് വിവിധ തലങ്ങളിലുള്ളവരുടെ പെരുമാറ്റദൂഷ്യം തുടങ്ങി പലതും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്ന് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നഴ്സിന്റെ വേഷമിട്ടു വന്ന സ്ത്രീ എടുത്തുകൊണ്ടുപോകുന്നു. വെള്ളക്കോട്ടിട്ടു വന്നാൽ ഐഡന്റിറ്റി കാർഡ് പോലും വേണ്ട. ഇതേ കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാത്ത സ്ത്രീക്ക് തെറ്റായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോ തെറാപ്പി ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. എന്നിട്ട് കാൻസർ ചികിൽസാ വിഭാഗത്തിലെ ആർക്കെങ്കിലുമെതിരേ നടപടിയുണ്ടായോയെന്നും ശോഭ ചോദിക്കുന്നു.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിദഗ്ധ ചികിൽസയ്ക്ക് അമേരിക്കയിലേക്കു പോവുകയാണ് ഏറ്റവും നല്ല കാര്യം. അമേരിക്കയിൽ തന്നെ ചികിൽസിക്കണം. പക്ഷേ, ഞങ്ങൾ, കേരളത്തിലെ ജനങ്ങൾക്ക് ചില ആരോഗ്യ-ചികിൽസാ കാര്യങ്ങൾ ചോദിക്കാനുണ്ട്. ആഴ്ചകൾക്കു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂടെയുള്ള യുവാവിനെ കയറ്റിവിടാതിരിക്കുകയും അത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാർ കൂട്ടം ചേർന്നു മർദിക്കുകയും ചെയ്തത് ഓർക്കുന്നു. കോട്ടയത്ത് ഒരു സ്ത്രീ നാലു ദിവസമായി കുഞ്ഞിനെ മോഷ്ടിക്കാൻ തക്കം പാർത്തു നടക്കുകയും ഒടുവിൽ കുഞ്ഞിനെ കടത്തുകയും ചെയ്തു. തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അമ്മയെ കാണാനെത്തിയ 22 വയസ്സുള്ള പെൺകുട്ടി അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റിൽ കയറി താഴേയ്ക്കു വീണ് ഗുരുതരമായി പരിക്കേറ്റു മരിച്ചത് മാസങ്ങൾക്കു മുമ്പാണ്. കുത്തഴിഞ്ഞ ആരോഗ്യവകുപ്പിന്റെ യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പിആർ പരസ്യങ്ങൾ മാത്രമാണ് കേരളത്തിൽ ബാക്കിയെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണെന്ന് ശ്രീ പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഈ സ്ഥിതിയിൽ മുന്നോട്ടു പോകാൻ പറ്റില്ല. മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് കേരളത്തിലെ ആരോഗ്യമേഖലയിൽ, പ്രത്യേകിച്ചും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിദഗ്ധ ചികിൽസയ്ക്ക് അമേരിക്കയിലേക്കു പോവുകയാണ് ഏറ്റവും നല്ല കാര്യം. അമേരിക്കയിൽ തന്നെ ചികിൽസിക്കണം. പക്ഷേ, ഞങ്ങൾ, കേരളത്തിലെ ജനങ്ങൾക്ക് ചില ആരോഗ്യ-ചികിൽസാ കാര്യങ്ങൾ ചോദിക്കാനുണ്ട്. കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും, മുഴുവൻ ജനങ്ങൾക്കും ലഭ്യമാകേണ്ട വിദഗ്ദ്ധ ചികിൽസയിലും സർക്കാരാശുപത്രികളിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉൾപ്പെടെ സുരക്ഷയിലും താങ്കളുടെ സർക്കാർ ഒരു വലിയ പരാജയമാണെന്ന സത്യം മനസ്സിൽ വച്ചുകൊണ്ടായിരിക്കണം ഈ യാത്ര.
എന്താണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥ? കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളേക്കുറിച്ച് ഉയർന്നുവന്ന പരാതികൾ നിരവധിയാണ്. ചികിൽസാ പിഴവ് മൂലമുള്ള മരണങ്ങൾ, ഡോക്ടർമാർ മുതൽ താഴേക്ക് വിവിധ തലങ്ങളിലുള്ളവരുടെ പെരുമാറ്റദൂഷ്യം തുടങ്ങി പലതും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്ന് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നഴ്സിന്റെ വേഷമിട്ടു വന്ന സ്ത്രീ എടുത്തുകൊണ്ടുപോകുന്നു. വെള്ളക്കോട്ടിട്ടു വന്നാൽ ഐഡന്റിറ്റി കാർഡ് പോലും വേണ്ട. ഇതേ കോട്ടയം മെഡിക്കൽ കോളേജിൽ കാൻസറില്ലാത്ത സ്ത്രീക്ക് തെറ്റായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോ തെറാപ്പി ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. എന്നിട്ട് കാൻസർ ചികിൽസാ വിഭാഗത്തിലെ ആർക്കെങ്കിലുമെതിരേ നടപടിയുണ്ടായോ? ആഴ്ചകൾക്കു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂടെയുള്ള യുവാവിനെ കയറ്റിവിടാതിരിക്കുകയും അത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാർ കൂട്ടം ചേർന്നു മർദിക്കുകയും ചെയ്തത് ഓർക്കുന്നു. കോട്ടയത്ത് ഒരു സ്ത്രീ നാലു ദിവസമായി കുഞ്ഞിനെ മോഷ്ടിക്കാൻ തക്കം പാർത്തു നടക്കുകയും ഒടുവിൽ കുഞ്ഞിനെ കടത്തുകയും ചെയ്തു. തിരുവനന്തപുരം ആർസിസിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അമ്മയെ കാണാനെത്തിയ 22 വയസ്സുള്ള പെൺകുട്ടി അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റിൽ കയറി താഴേയ്ക്കു വീണ് ഗുരുതരമായി പരിക്കേറ്റു മരിച്ചത് മാസങ്ങൾക്കു മുമ്പാണ്. കുത്തഴിഞ്ഞ ആരോഗ്യവകുപ്പിന്റെ യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പിആർ പരസ്യങ്ങൾ മാത്രമാണ് കേരളത്തിൽ ബാക്കി.
കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണെന്ന് ശ്രീ പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഈ സ്ഥിതിയിൽ മുന്നോട്ടു പോകാൻ പറ്റില്ല. മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് കേരളത്തിലെ ആരോഗ്യമേഖലയിൽ, പ്രത്യേകിച്ചും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണം.

