ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി കേരളം. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കൊവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയയ്ക്കും.

ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഒമിക്രോണ്‍ പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടുത്ത ആഴ്ച ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനിക്കും.