കെ-റെയില്‍: ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുക അവസാനം നടന്ന ഇടപാടുകളുടെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട പ്രദേശത്ത് മൂന്നുവര്‍ഷത്തിനിടെ നടന്ന ഭൂമിവില്‍പ്പനയില്‍ 50 ശതമാനം ഇടപാടുകളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുക. വിജ്ഞാപനത്തിന് മുന്‍പുള്ള മൂന്നുവര്‍ഷത്തെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഇതിനായി ശേഖരിക്കും. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കണമെന്ന് നിബന്ധനയുള്ളതിനാല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് വിദഗ്ധ സമിതി പരിശോധിക്കും. സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സ്ഥലമേറ്റെടുക്കല്‍ വേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. സമിതി റിപ്പോര്‍ട്ട് പരിശോധനക്ക് ശേഷം ശുപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം ഇറക്കണം. ഭൂ വില സംബന്ധിച്ച് ഉടമകളുമായി ധാരണയിലെത്തുകയും ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറക്കുകയും വേണം.

സാമൂഹികാഘാത പഠനം ആരംഭിച്ചതിനാല്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കണം. അതിനാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ തുക കൈമാറി വസ്തു ഏറ്റെടുക്കണം. ഇതില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ അതുവരെ നടന്ന നടപടികളെല്ലാം റദ്ദാക്കപ്പെടുകയും ചെയ്യും.