കെ-റെയില്‍: വാസസ്ഥലം നഷ്ടമാകുന്നവര്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി പുനരധിവാസ പാക്കേജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതിയില്‍ വാസസ്ഥലം നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമേ 4.6 ലക്ഷം രൂപ പുനരധിവാസ പാക്കേജ്. അതല്ലെങ്കില്‍, നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും.വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഒന്നെങ്കില്‍ നഷ്ടപരിഹാര തുകക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും, അല്ലെങ്കില്‍ നഷ്ടപരിഹാര തുകക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും, അതുമല്ലെങ്കില്‍ നഷ്ടപരിഹാര തുകക്ക് പുറമേ 10 ലക്ഷം രൂപ നല്‍കും. പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴിലുകാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം നല്‍കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകക്ക് പുറമേ 50,000 രൂപകൂടി നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും നല്‍കും. പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സമുച്ചയങ്ങളിലെ കടമുറികളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ തീരുമാനമായി.