തിരുവനന്തപുരം: 15 വയസു മുതൽ 18 വയസു വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനായുള്ള തയ്യാറെടുപ്പുകൾ നടത്തി കേരളം. പ്രത്യേക വാക്‌സിനേഷൻ കർമ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ. ജനുവരി 3 മുതൽ 10 വരെ വാക്‌സിൻ നൽകാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണി മുതൽ കൊവിൻ പോർട്ടൽ വഴി രജിസ്‌ട്രേഷൻ ആരംഭിക്കുകയും ചെയ്തു. 15 ലക്ഷം കൗമാരക്കാർക്കാണ് സംസ്ഥാനത്താകെ വാക്‌സിൻ നൽകേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിനായിരിക്കും സംസ്ഥാനത്ത് എത്തിക്കുന്നത്.
15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ആക്ഷൻപ്ലാൻ രൂപീകരിക്കുകയും ചെയ്തു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകൾ ചേർന്ന ശേഷമാണ് ആക്ഷൻ പ്ലാൻ രൂപീകരിച്ചത്. ഉന്നതതല യോഗത്തിലാണ് ആക്ഷൻ പ്ലാനിന് അന്തിമ രൂപം നൽകിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ, കുട്ടികളുടെ വാക്സിനേഷൻ എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ വേണ്ടിയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ ടീമിനെ തയ്യാറാക്കുന്നതാണ്.
വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കുന്നതാണ്. കുട്ടികളുടെ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്സിൻ മാത്രമാകും നൽകുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഈ ആശുപത്രികളിലുണ്ടാകും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉൾപ്പെടെ 4 ദിവസങ്ങളിൽ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കും. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കുന്നതാണ്. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും.
സ്മാർട്ട് ഫോണോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചോ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷനായി പോകുന്നതായിരിക്കും നല്ലത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. എന്തെങ്കിലും കാരണത്താൽ രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത കുട്ടികൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്സിൻ എടുത്തവരുടേയും എടുക്കാത്തവരുടേയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകും. അതിന്റെ കോപ്പി ആർസിഎച്ച് ഓഫീസർക്കും നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം.
ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇവർക്കുള്ള വാക്സിനേഷൻ സെന്റർ പ്രവർത്തിക്കും. മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാനായി നീല നിറത്തിലുള്ള ബോർഡായിരിക്കും സ്ഥാപിക്കുക. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. വാക്സിനേഷൻ കേന്ദ്രങ്ങൾ തെറ്റിപ്പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം.

