ഐഎസ്ആര്‍ഒ ചാരക്കേസ്: റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ചാരന്മാര്‍ക്ക് പിന്നില്‍ പാക് ഏജന്‍സികളെന്ന് മനസിലാകും: ആര്‍.ബി ശ്രീകുമാര്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരപ്രവര്‍ത്തന കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഇന്റിലിജന്‍സ് ബ്യുറോ ഡയറ്കടര്‍ ഡി.സി. പാഠക് കൈമാറിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ചാരന്മാര്‍ക്ക് പിന്നില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നുവെന്ന് വ്യക്തമാകുമെന്നാണ് അദ്ദേഹത്തിന്‍െ വാദം. സിബിഐ ആണ് ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ഡി.സി.പാഠക് 1994 ഒക്ടോബറിനും, ഡിസംബറിനുമിടയില്‍ പത്ത് റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. നിര്‍ണ്ണായകമായ പല വെളിപ്പെടുത്തലുകളും ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്ക് മനസിലാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം എന്നാണ് ശ്രീകുമാറിന്റെ ആവശ്യം.

‘തനിക്ക് നമ്പിനാരായണനോട് മുന്‍വൈരാഗ്യം ഇല്ല. താന്‍ ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. കസ്റ്റഡിയില്‍ പീഡിപ്പിച്ചു എന്ന ആരോപണം നമ്പി നാരായണന്‍ നേരത്തെ ഉന്നയിച്ചിട്ടില്ല. കസ്റ്റഡി പീഡനം ഉണ്ടായതായി സിബിഐയും നേരത്തെ പറഞ്ഞിട്ടില്ല. ഐഎസ്ആര്‍ഒയോ കേന്ദ്ര സര്‍ക്കാരോ ഇങ്ങനെ ഒരു അഭിപ്രായം നേരത്തെ പറഞ്ഞിട്ടില്ല. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.എം.സിംഗ് നടത്തിയ അന്വേഷണത്തിലും കസ്റ്റഡി പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആര്‍.ബി.ശ്രീകുമാര്‍ വിശദീകരിക്കുന്നു. കേരള പോലീസ് അന്വേഷണം ആരംഭിച്ച് പതിനഞ്ചാം ദിവസം സിബിഐക്ക് കൈമാറിയതാണ്. നിരവധി തെളിവുകള്‍ ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം സിബിഐ പെട്ടെന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.