തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വൻ ഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേമകാര്യങ്ങൾക്കൊപ്പം വികസനകാര്യങ്ങളിലും സംസ്ഥാനം മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നത്. ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന ഒരു വികസനപദ്ധതിയല്ല ഇത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ച് അംഗീകാരം നേടിയ വികസനപദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇം എം എസ് സർക്കാരിനെ വീഴ്ത്താൻ വിമോചനസമരം നടത്തിയ മാതൃകയിൽ എൽഡിഎഫ് സർക്കാരിനെതിരെ വിമോചനസമരം നടത്താൻ കോൺഗ്രസ് മുതൽ ബിജെപിവരെയും ആർഎസ്എസ് മുതൽ ജമാഅത്തെ ഇസ്ലാമിവരെയും കൈകോർക്കുകയാണ്. ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തിൽ പ്രത്യേക ക്യാമ്പയിൻ എൽഡിഎഫ് സർക്കാരിനൊപ്പം സിപിഐഎമ്മും നടത്തുമെന്ന് അദ്ദേഹം വിശദമാക്കി.
വിശദ പദ്ധതിരേഖ (ഡിപിആർ) പുറത്തുവിടണമെന്നും പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്നും താൻ ഉന്നയിച്ച ആറ് ചോദ്യത്തിന് ഉത്തരം നൽകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പദ്ധതിയുടെ സംക്ഷിപ്ത റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു. ഹൈ സ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ച യുഡിഎഫാണ് സെമി ഹൈസ്പീഡ് പാതയായ സിൽവർലൈനിനെ എതിർക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കിൽ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അർധ അതിവേഗപാത വന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താൻ സാധിക്കും. അത് ഭാവിയിൽ യുഡിഎഫ്–ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർവിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയിലും മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്‌ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്. പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും സൃഷ്ടിച്ചിരിക്കുന്ന തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. പ്രതിപക്ഷ ചേരിയിൽത്തന്നെയുള്ള ചിലർ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപ്പര്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി നേതൃത്വം നൽകി വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ആശയവിനിമയ സംഗമങ്ങൾ നടത്താൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള വികസനത്തിന് അനുയോജ്യമായ സിൽവർലൈൻ പദ്ധതി കഴിയുന്നത്ര വേഗം നടപ്പാക്കുകയെന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അത് യാഥാർഥ്യമാക്കാൻ സിപിഐ എമ്മും എൽഡിഎഫും ബഹുജനങ്ങളും സർക്കാരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

