ന്യൂഡൽഹി: ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുന്ന ടിബറ്റ് ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എം പിമാർക്ക് കത്ത് നൽകി ചൈന. എംപിമാരെ താക്കീത് നൽകി കൊണ്ടുള്ള കത്താണ് ചൈന കൈമാറിയത്. ചെനീസ് എംബസിയുടെ രാഷ്ട്രീയ ഉപദേശകൻ ഷൂ യോംഗ്‌ഷെംഗിന്റെ പേരിലുള്ള കത്താണ് എംപിമാർക്ക് ലഭിച്ചത്. ജയറാം രമേശ്, മനീഷ് തിവാരി, സുജീത് കുമാർ, രാജീവ് ചന്ദ്രശേഖർ, രാംദാസ് അത്താവാലെ, മേനകാ ഗാന്ധി തുടങ്ങിയവരാണ് ടിബറ്റ് ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.
ദലൈലാമ നേതൃത്വം നൽകുന്ന ടിബറ്റ് ഭരണകൂടത്തെ വിഘടനവാദികളെന്നും അനധികൃത സംഘടനയെന്നുമാണ് എംപിമാർക്ക് അയച്ച ചൈന കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാർ ടിബറ്റ് സ്വയംഭരണപ്രദേശത്തെ ചൈനയുടെ ഭാഗമായി അംഗീകരിച്ചിട്ടുണ്ടെന്നും ടിബറ്റിനെ ചൈനയിൽ നിന്നും വേർതിരിക്കാനുള്ള വിഘടനവാദികളുടെ എല്ലാ ശ്രമങ്ങളെയും ഏതുവിധേനയും അടിച്ചമർത്തുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും കത്തിലുണ്ടെന്നാണ് വിവരം. നിങ്ങൾ ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ആയതിനാൽ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്ന് ഭാവിയിൽ വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും കത്തിൽ പറയുന്നു.
അതേസമയം ചടങ്ങിൽ പങ്കെടുത്ത എല്ലാ ജനപ്രതിനിധികൾക്കും കത്ത് ലഭിച്ചിട്ടില്ലെന്നാണ് വിവരം. മനീഷ് തിവാരിയ്ക്ക് ഇതുവരെ കത്ത് ലഭിച്ചിട്ടില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഥവാ കിട്ടിയാൽ തന്നെ ഇത്തരം തരംതാണ കത്തുകൾക്ക് വിശദീകരണം നൽകി തന്റെ വില നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിവാരി ട്വിറ്ററിൽ കുറിച്ചു.
ചൈനയുടെ നടപടിക്കെതിരെ ടിബറ്റ് പ്രവാസ ഭരണകൂടത്തിന്റെ വക്താവ് ടെൻസിംഗ് ലക്ഷയ് രൂക്ഷ വിമർശനം ഉന്നയിച്ചു. ടിബറ്റ് വിഷയം ചൈനയുടെ ആഭ്യന്തരപ്രശ്‌നമല്ലെന്നും ടിബറ്റിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ലോകത്തുള്ള എല്ലാ രാജ്യങ്ങൾക്കും ആശങ്കയുണ്ടെന്നും ടെൻസിംഗ് വ്യക്തമാക്കി.

