ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിർണായക വിവരം പങ്കുവെച്ച് ലോകാരോഗ്യ സംഘടന വിദഗ്ധർ. രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണോയെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ നൈറ്റ് കർഫ്യൂ, ലോക്ക്ഡൗൺ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കോവിഡിൽ നിന്ന് ഒരു പൂർണ മോചനം നേടാൻ ലോകത്തിന് കഴിയില്ലെന്നാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ അറിയിച്ചത്. കോവിഡ് എന്ന മഹാമാരി ഇനിമുതൽ ലോകത്ത് ഉണ്ടാകുമെന്നും അതിനനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ മനുഷ്യർ പഠിക്കുകയാണ് വേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കിയിരുന്നു. കോവിഡിനെ നേരിടുന്നതിന് വേണ്ടി മനുഷ്യരെ വീട്ടിനുള്ളിൽ അടച്ചു പൂട്ടുന്ന ലോക്ക്ഡൗണുകൾ സാമ്പത്തിക മേഖലയ്ക്ക് കടുത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുകയെന്ന് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. അത് കൊവിഡിനെക്കാളും വലിയ വിപത്തായിരിക്കും ലോകത്ത് സൃഷ്ടിക്കുകയെന്നാണ് അറിയിപ്പ്.
കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വിദഗ്ധയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. നൈറ്റ് കർഫ്യൂകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിന് പകരം ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആന്റിജൻ ടെസ്റ്റ് സംവിധാനങ്ങളും നിർബന്ധമാക്കുകയാണ് അതാത് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടതെന്നും ഡോ സൗമ്യ സ്വാമിനാഥൻ നൽകുന്ന നിർദ്ദേശം.

