പാലക്കാട്: ബിജെപിയ്ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ വികസന പദ്ധതികളെ തടസപ്പെടുത്താനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനം ഇപ്പോൾ വേണ്ടെന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നത് രാഷ്ട്രീയ വിരോധം വെച്ചാണ്. യോജിച്ച പ്രവർത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനം ഇപ്പോൾ വേണ്ട എന്നാണ് അവരുടെ നിലപാട്. എല്ലാം എതിർക്കുന്നത് ജനം അംഗീകരിക്കില്ല. വികസനപദ്ധതികൾ സർക്കാർ നിറവേറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നുവെന്നും ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് – ബിജെപി – ജമാഅത്തെ ഇസ്ലാമി എന്നിവർ കൂട്ട് ചേർന്ന് സർക്കാരിനെതിരെ നിൽക്കുകയാണ്. വികസന പ്രവർത്തനം വേണ്ട എന്ന നിലപാടാണ് ഇവർക്ക്. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ബിജെപി കെ റെയിലിനെതിരായ നീക്കം നടത്താമോ എന്ന് പരിശോധിക്കുന്നു. പ്രധാന പദ്ധതികളെ തടസപ്പെടുത്താനാണ് നീക്കം. യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് കെ റെയിലിനെ തകർക്കാൻ ശ്രമിക്കുന്നത്. ഇതിനെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
മുസ്ലീം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുകയാണ്. ഇസ്ലാമിക രാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമി പരിസ്ഥിതിവാദികളായും ജനാധിപത്യവാദികളായും വേഷം കെട്ടുകയാണ്. വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. മുസ്ലീംലീഗ് മത തീവ്രവാദികളുമായി കൂട്ടുകൂടുകയാണ്. ബിജെപി വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ലൗ ജിഹാദ് വിഷയം ഇതിന് ഉദാഹരണമാണ്. വഖഫ് വിഷയത്തിൽ ലീഗ് പ്രകടനം നടത്തിയത് വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണ്. മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി സഹകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എസ്ഡിപിഐയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് അവർ മുന്നോട്ടു പോവുന്നു. ചിലർ സ്വത്വ രാഷ്ട്രീയം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുകയാണ്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് വികസനത്തിനൊപ്പം ജനം നിൽക്കും. ദേശീയപാത വികസനം, ഗെയിൽ തുടങ്ങിയവ ഉദാഹരണമാണ്. ചെറിയ എതിർപ്പുകളെ പർവതീകരിക്കനാണ് ചില മാധ്യമങ്ങളുടെ ശ്രമം. നാടിന്റെ വികസനം ഉപേക്ഷിക്കാനാവില്ല. വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പുനരധിവാസം നടപ്പിലാക്കും. ബിജെപിക്കെതിരെ ബദലുണ്ടെന്ന് കേരളം തെളിയിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

