തിരുവനന്തപുരം: ദേശീയപാത വികസനം സില്‍വര്‍ ലൈന്‍ പദ്ധതിയെ ബാധിക്കുമെന്ന് ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ട്. ദേശീയപാത വികസിപ്പിച്ചാല്‍ സില്‍വര്‍ ലൈന്‍ യാത്രക്ക് ആളുകള്‍ കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാത ഇരട്ടിപ്പിച്ചാല്‍ നിലവിലെ തേര്‍ഡ് എ സി യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് വരില്ലെന്നും റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തിയാലും റെയില്‍വെ നിരക്ക് കൂട്ടിയാലും സില്‍വര്‍ ലൈന്‍ പദ്ധതിയെ അത് കാര്യമായി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠന റിപ്പോര്‍ട്ട് ദേശീയ പാത വികസനത്തിന് തടസം നില്‍ക്കുന്നു എന്ന് സില്‍വര്‍ ലൈന്‍ സമര സമിതി പ്രതികരിച്ചു.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായാല്‍ 15 മാസത്തിനകം സ്ഥലമേറ്റെടുപ്പിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് പഠന വിധേയമാക്കും. 60,000 കോടി രൂപക്ക് മുകളിലുള്ള പദ്ധതിക്കായി എഡിബിയടക്കമുള്ള വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുകയാണ്. മൂന്നു മാസത്തിനകം സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

