കാലത്തിനൊപ്പം മാറാന്‍ ദൂരദര്‍ശനും; അനലോഗ് ട്രാന്‍സ്മിറ്ററുകള്‍ക്ക് വിട

തൃശ്ശൂര്‍: പഴമയില്‍ നിന്ന് പുതുമയിലേക്ക് ദൂരദര്‍ശന്‍. അനലോഗ് ട്രാന്‍സ്മിറ്ററുകള്‍ ഒഴിവാക്കി ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് ചുവടു മാറ്റാനൊരുങ്ങുകയാണ് ദൂരദര്‍ശന്‍ ഇപ്പോള്‍. കേബിള്‍ ടി.വി.യും ഡിഷ് ആന്റിനയും വന്നതോടെ പുരപ്പുറത്ത് സ്ഥാപിച്ചിരുന്ന ആന്റിനകള്‍ വെറും നോക്കുകുത്തികളായി. എങ്കിലും, ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ ട്രാന്‍സ്മിറ്ററുകള്‍ പ്രവര്‍ത്തിച്ചു. ഇതിന് മാറ്റം വരാന്‍ പോവുകയാണ്.

ദൂരദര്‍ശന്റെ വിവിധ നിലയങ്ങളില്‍ നിന്ന് ഇനി സംപ്രേഷണങ്ങളുണ്ടാവില്ല. സൗജന്യ ഡി.ടി.എച്ച്. സംവിധാനമായ ഡി.ഡി. ഫ്രീ ഡിഷിലൂടെയാണ് ഇനി എല്ലാ ദൂരദര്‍ശന്‍ ചാനലുകളുടെയും സംപ്രേഷണമുണ്ടാവുക. പ്രസാര്‍ ഭാരതി ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുവഴി ദൂരദര്‍ശന് വലിയ സാമ്പത്തിക നേട്ടവുമുണ്ടാകും. കേരളത്തില്‍ തൃശ്ശൂരും കോഴിക്കോടുമുള്ള റെക്കോഡിങ് സ്റ്റുഡിയോകളില്‍ റെക്കോഡ് ചെയ്യുന്ന പരിപാടികള്‍ ഇനി തിരുവനന്തപുരത്തു നിന്നാണ് സംപ്രേഷണം ചെയ്യുക.

തൃശ്ശൂര്‍, തൊടുപുഴ എന്നിവിടങ്ങളിലെ ട്രാന്‍സ്മിറ്ററുകള്‍ 2018-ല്‍ തന്നെ പൂട്ടി. കൊച്ചിയിലെയും കോഴിക്കോട്ടെയും ഹൈപവര്‍ ട്രാന്‍സ്മിറ്ററുകള്‍ കഴിഞ്ഞ ഒക്ടോബറിലും നിര്‍ത്തി. തൃശ്ശൂര്‍ കേന്ദ്രത്തിന്റെ കീഴിലുള്ള ഷൊര്‍ണൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി എന്നീ കേന്ദ്രങ്ങളിലെ ലോ പവര്‍ ട്രാന്‍സ്മിറ്ററുകള്‍ 31-ന് പൂട്ടും. എന്നാല്‍, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ പ്രൊഡക്ഷന്‍ സെന്ററുകള്‍ തുടരും. രാജ്യവ്യാപകമായി പലഘട്ടങ്ങളിലാണ് ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.