ഉപഭോക്തൃ സംരക്ഷണ നിയമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: ഡയറക്ട് സെല്ലിങ് ബിസിനസിൽ പിരമിഡ് സ്‌കീമുകൾക്കും മണി സർക്കുലേഷൻ സ്‌കീമുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഉപഭോക്തൃ സംരക്ഷണ നിയമം, 2021 വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പിരമിഡ് സ്‌കീമുകളും മണി സർക്കുലേഷൻ സ്‌കീമുകളും പ്രോത്സാഹിപ്പിക്കുക, അത്തരം സ്‌കീമിലേക്ക് ആളുകളെ ചേർക്കുക, ഡയറക്ട് സെല്ലിങ് ബിസിനസ്സ് ചെയ്യുന്നതിന്റെ പേരിൽ ഏതെങ്കിലും വിധത്തിൽ അത്തരം ക്രമീകരണത്തിൽ പങ്കെടുക്കുക, ഡയറക്ട് സെല്ലിങ്് ബിസിനസ്സിന്റെ പേരിൽ മണി സർക്കുലേഷൻ സ്‌കീമിൽ പങ്കെടുക്കുക എന്നിവയിൽ നിന്നെല്ലാം ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളെയും ഡയറക്ട് സെല്ലർമാരെയും നിയമം മൂലം നിരോധിക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.

ഈ നിയമങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ നിലവിലുള്ള ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങൾ ഈ നിയമങ്ങൾ പാലിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. നേരിട്ടുള്ള വിൽപ്പനക്കാരും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നേരിട്ട് വിൽക്കുന്ന സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ 2020 പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

നിയമത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കുമുള്ള കടമകളും ബാധ്യതകളും നിശ്ചയിച്ചിട്ടുണ്ട്. ചരക്കുകളുടെയോ സേവനങ്ങളുടെയോ നേരിട്ടുള്ള വിൽപ്പനയിൽ നിന്ന് ഉണ്ടാകുന്ന പരാതികൾക്ക് ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കുമെന്നും നിയമത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ ഡയറക്ട് സെല്ലർമാരുടെയും ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും വേണ്ടി ഒരു സംവിധാനം രൂപീകരിക്കണമെന്നും നിയമം നിർദ്ദേശിക്കുന്നു.