തിരുവനന്തപുരം: ഓട്ടോ- ടാക്‌സി തൊഴിലാളികൾ ഡിസംബർ 30 ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റി. തൊഴിലാളികൾ ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പണിമുടക്ക് മാറ്റിവെച്ചത്. ഓട്ടോ- ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തത്.
അതേസമയം ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് ആന്റണി രാജു പ്രതികരിച്ചു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നും നിരക്ക് വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയ്ക്ക് ചുമതല നൽകിയതായും മന്ത്രി വിശദമാക്കി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം.

