തിരഞ്ഞെടുപ്പ് വീഴ്ച: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ പുറത്താക്കാന്‍ സിപിഎം ജില്ലാകമ്മറ്റിയുടെ ശുപാര്‍ശ

മൂന്നാര്‍: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ തുടര്‍ന്ന് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സി പിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.

തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, ആത്മാര്‍ത്ഥത ഉണ്ടായില്ല, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ കമ്മീഷന്‍ രാജേന്ദ്രനെതിരെ കണ്ടെത്തിയിരിക്കുന്നത്. ബ്രാഞ്ച് പ്രവര്‍ത്തകര്‍ അടക്കം രാജേന്ദ്രനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ദേവികുളം സ്ഥാനാര്‍ത്ഥിയായി അഡ്വ. എ രാജയെ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ മുന്‍ എംഎല്‍എ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞിരുന്നതായും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

നേരത്തേ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണിയും രംഗത്തെത്തിയിരുന്നു. മൂന്നാറിലെ പ്രബലമായ ഒരു ജാതിയില്‍ കാര്യമായ സ്വാധീനമുള്ള രാജേന്ദ്രന്‍ ജാതീയ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.