തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമതെത്തിയ കേരളത്തെയാണ് ശശി തരൂർ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. യോഗി ആദിത്യനാഥിനെ പോലുള്ളവർ കേരളത്തിലെ ആരോഗ്യരംഗത്തിന് പുറമേ സംസ്ഥാനത്തെ മികച്ച ഭരണവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള സംസ്ഥാന സർക്കാരിന്റെ മനോഭാവവും കണ്ടുപഠിച്ചിരുന്നെങ്കിൽ ഇന്ത്യ എത്ര നന്നായേനെയെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ശശി തരൂർ പിണറായി സർക്കാരിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. കെ റെയിലിനെതിരെ യുഡിഎഫ് എംപിമാർ കേന്ദ്രത്തിന് സമർപ്പിച്ച പരാതിയിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. തുടർന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ശശി തരൂരിനെ കഴിഞ്ഞ ദിവസം പരസ്യമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ രംഗത്തെത്തിയത്.
ശശി തരൂർ കോൺഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയിൽ വിഷയത്തിൽ പാർട്ടിക്ക് വിധേയനായില്ലെങ്കിൽ പാർട്ടിയിലുണ്ടാകില്ലെന്നുമായിരുന്നു ശശി തരൂരിന് സുധാകരൻ നൽകിയ മുന്നറിയിപ്പ്. കെ റെയിൽ വിഷയത്തിൽ മറുപടി എഴുതിത്തരാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാർട്ടിയിൽ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

