ഉത്തരവാദിത്തം കിറ്റക്‌സിനെന്ന് ശ്രീനിജന്‍ എംഎല്‍എ; കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രസ്ഥാനമല്ല കിറ്റക്‌സെന്ന് സാബു

കൊച്ചി: അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കസ്റ്റഡിയിലെടുത്ത എല്ലാവരും പ്രതികളല്ലെന്നും, മുപ്പതില്‍ താഴെ ആളുകളാണ് ആക്രമണം നടത്തിയതെന്നും സാബു പറഞ്ഞു. അക്രമം യാദൃശ്ചികമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രസ്ഥാനമല്ല കിറ്റെക്‌സെന്നും അദ്ദേഹം വ്യക്തമാക്കി.

‘വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ചില തൊഴിലാളികള്‍ ഇറങ്ങി. ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് അവിടെയുള്ള മറ്റു ചില തൊഴിലാളികള്‍ അതിനെ എതിര്‍ത്തു. അങ്ങനെയാണ് തര്‍ക്കം തുടങ്ങിയതെന്ന് സാബു ജേക്കബ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. തടയാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെയും തൊഴിലാളികള്‍ ആക്രമിച്ചു. അങ്ങനെയാണ് പോലീസിനെ വിളിച്ചത്. പോലീസിനെയും ആക്രമിക്കുകയാണുണ്ടായത്. ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായത് ഇവരെന്തോ ഡ്രഗ്സ് ഉപയോഗിച്ചിരുന്നുവെന്നാണ്. ആദ്യമായിട്ടാണ് അവിടെ ഇങ്ങനെയൊരു സംഭവമുണ്ടായെന്നും സാബു പ്രതികരിച്ചു.

അതേസമയം, സംഘര്‍ഷത്തില്‍ കിറ്റെക്സ് മാനേജ്മെന്റിനും ഉത്തരവാദിത്വമുണ്ടെന്ന് കുന്നത്തുനാട് എം എല്‍ എ ശ്രീനിജന്‍ പറഞ്ഞു. മാരകായുധങ്ങളടക്കം ക്യാമ്പിലുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് തൊഴില്‍ വകുപ്പിന് അടക്കം പരാതി നല്‍കിയത്. മാനേജ്‌മെന്റ് തലത്തിലും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.