മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക നിയമസഭ; പ്രതിഷേധവുമായി കോൺഗ്രസ്

ബംഗളൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക നിയമസഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കർണാടക ബില്ല് പാസാക്കിയത്. മതംമാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ശബ്ദ വോട്ടോടെയാണ് ബില്ല് നിയമസഭ പാസാക്കിയത്. ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ കോൺഗ്രസ് സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

മതപരിവർത്തനനിരോധന ബില്ല് ചൊവ്വാഴ്ച്ചയാണ് കർണാടക നിയമസഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, ജെഡിഎസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് കർണാടക നിയമസഭയിൽ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് ബില്ലിനെതിരെ പ്രതിഷേധിച്ചത്.

കർണാടക നിയമസഭയിൽ മതപരിവർത്തന നിരോധന ബില്ലിന്റെ കോപ്പി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കീറിയെറിയുകയും ചെയ്തിരുന്നു. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീ കൊണ്ട് കളിക്കുകയാണെന്നാണ് ബംഗ്ലൂരു ആർച്ച് ബിഷപ്പ് പറയുന്നത്. ബില്ല് മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധം നടത്താനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.