‘പുത്തന്‍ ആശയങ്ങളുമായി വരൂ, സര്‍ക്കാര്‍ കൂടെയുണ്ട്’; സംരംഭകരെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: പുത്തന്‍ ആശയങ്ങളുമായി വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്നും കൂടെ ഉണ്ടാകുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കാന്‍ പുതുസംരംഭങ്ങള്‍ കൂടുതലായി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇതു വഴി സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ അഞ്ചു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.

‘കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 4,500 കോടി രൂപയോളം വായ്പ നിലവില്‍ നല്‍കിയിട്ടുണ്ട്. ഇത് 10,000 കോടി രൂപയിലേക്കെത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജനസൗഹാര്‍ദമായി ഈ ദൗത്യം നിര്‍വഹിക്കാന്‍ കെ.എഫ്.സിക്കു കഴിയണം. ഇതിനായി കൂടുതല്‍ നൂതന പദ്ധതികള്‍ കെ.എഫ്.സി. ആവിഷ്‌കരിക്കണം. കാര്‍ഷികോത്പാദന രംഗത്തും നിര്‍മാണ മേഖലയ്ക്കും ആവശ്യമായ സൂക്ഷ്മ-ചെറുകിട യന്ത്രങ്ങള്‍ നിര്‍മിക്കുന്ന വ്യവസായത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുമെന്നും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.