കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി സംവിധാനം പോലെയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. ജില്ലാ പോലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് സിപിഐഎം ജില്ലാക്കമ്മറ്റികളാണെന്നും സംസ്ഥാനം പഴയ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘കെ-റെയിലിനെ ശശി തരൂര്‍ എം പി പിന്തുണച്ചിട്ടില്ല. പദ്ധതിയെ കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പഠിച്ച ശേഷം തരൂര്‍ നിലപാട് വ്യക്തമാക്കും. കെ റെയില്‍ വിഷയത്തില്‍ തരൂര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നും’, സതീശന്‍ വ്യക്തമാക്കി. പദ്ധതി കേരളത്തില്‍ അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ-റെയിലിന് എതിരായുള്ള യു.ഡി.എഫിന്റെ രണ്ടാംഘട്ട സമരം ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കെ-റെയിലിനെ കുറിച്ച് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, സര്‍ക്കാര്‍ സമയം അനുവദിച്ചില്ല. നിരവധി കാര്യങ്ങള്‍ ഒളിച്ചുവെക്കാനുള്ളതു കൊണ്ടാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതെന്നും സതീശന്‍ ആരോപിച്ചു.