കെ-റെയില്‍: പ്രതിഷേധം കനക്കുന്നു; കൊല്ലത്ത് പെട്രോളൊഴിച്ച് കുടുബത്തിന്റെ ആത്മഹത്യാ ഭീഷണി

കൊല്ലം: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള സ്ഥലമെറ്റെടുപ്പ് സംബന്ധിച്ച് കല്ലിടുന്നതിനിടെ കൊല്ലം ജില്ലയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഈ കുടുംബത്തിന്റെ വീട് സ്ഥലമേറ്റെടുപ്പില്‍ പൂര്‍ണമായും നഷ്ടപ്പെടുന്നതിനാല്‍ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടക്കുകയായിരുന്നു. ഭാര്യയോടും മകളോടുമൊപ്പം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു അദ്ദേഹം. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു. പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

അതേസമയം, പ്രദേശത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടക്കുകയും, തുടര്‍ന്ന് ഒരു വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ചാത്തന്നൂരിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനങ്ങള്‍ വഴങ്ങാന്‍ തയ്യാറായില്ല.