ആലപ്പുഴ കൊലപാതകങ്ങള്‍; അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്തണമെന്ന് ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവധിയിലുള്ള പോലീസുകാര്‍ പെട്ടെന്ന് തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണമെന്നും ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശം.

മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മൈക്ക് അനൗണ്‍സ്മെന്റും റാലിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് ഡിജിപിയുടെ പുതിയ നിര്‍ദേശങ്ങളുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും ആലപ്പുഴയില്‍ തുടര്‍ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പരമാവധി പോലീസുകാരെ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനക്കൊപ്പം അതിര്‍ത്തികളില്‍ പരിശോധ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. ക്രിമിനലുകളെ പ്രത്യേകം നിരീക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.