‘ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല ‘: ശശി തരൂരിന് മറുപടിയുമായി കെ. സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെയും മുഖ്യമന്ത്രിയേയും പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. സംഘടനക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും, ശശി തരൂരിനോട് തങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന അതാണെന്ന് സുധാകരന്‍ പറഞ്ഞു.

വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം ലഭിച്ച ശേഷമേ കൂടുതല്‍ പ്രതികരിക്കൂ. കെ റെയിലില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്‌നമില്ലല്ലോയെന്നും സുധാകരന്‍ ചോദിച്ചു.

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗികതയാണെന്നും കെപിസിസി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ റെയില്‍ പദ്ധതി പാര്‍ട്ടി ഓഫീസാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയില്‍ കമ്പനിയുടെ ജനറല്‍ മാനേജറെന്നും സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ ലോകം കണ്ട നേതാവാണ് എന്നതൊക്കെ ശരിവെക്കുമ്പോള്‍ തന്നെ ഇരിക്കുന്നിടം കുഴിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.