ഗവർണ്ണർക്ക് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല; മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്ന് ഗവർണർ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി പുനർനയമനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗവർണ്ണർക്ക് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രി പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നു. അത് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് ചാൻസിലർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് താൻ സർക്കാരിനെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളിൽ തനിക്ക് ചാൻസിലർ ആയി തുടരാൻ സാധിക്കില്ല. സർവകലാശാലകളിൽ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ മന്ത്രി തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാണ് താൻ നിയമന ശുപാർശയിൽ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.