ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പ് അറിയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിക്കുന്നത്. പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നും അസോസിയേഷൻ വിലയിരുത്തുന്നു.
സ്ത്രീകളും വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കാനുള്ള തീരുമാനത്തെ എതിർത്ത് ബൃന്ദ കാരാട്ടും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം സ്ത്രീശാക്തീകരണത്തിന് സഹായിക്കില്ലെന്നാണ് ബൃന്ദ കാരാട്ട് അഭിപ്രായപ്പെടുന്നത്. സ്ത്രീകൾക്ക് പോഷകാഹാരം, പഠനം എന്നിവ ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതിനെതിരാണ് പുതിയ നീക്കമെന്നും ബൃന്ദ കാരാട്ട് അറിയിച്ചു. വിവാഹപ്രായം ഉയർത്തുന്നതിന് സർക്കാർ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഓടിയോളിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദ കാരാട്ട് അറിയിച്ചു.
അതേസമയം വിഷയത്തിൽ മുസ്ലീം ലീഗും വിമർശനം ഉന്നയിച്ചു. വിവാഹ പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കമാണെന്നുമാണ് ലീഗിന്റെ ആരോപണം.

