ന്യൂഡല്‍ഹി: സിപിഎം നേതാക്കള്‍ രാജ്യത്തെ സേവിച്ച സൈനികരെ അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഈ സംസ്‌കാരം ഈയിടെയായി കേരളത്തില്‍ വളര്‍ന്നു വരുന്നെന്നും സിപിഎമ്മും ഉദ്യോഗസ്ഥരും ഇതിന്റെ പ്രചാരകരായി മാറുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, സൈനികരെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടു. കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചില്ലെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു. ഗവ പ്ലീഡര്‍മാര്‍ അടക്കം മോശമായ പരാമര്‍ശവുമായി രംഗത്തെത്തുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ജനറല്‍ ബിപിന്‍ റാവത്ത് കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിന് കാരണമായിരുന്നു. സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് ബിപിന്‍ റാവത്ത് പറഞ്ഞതായി രശ്മിത ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയിലെല്ലാം അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിതയുടെ പോസ്റ്റില്‍ കുറ്റപ്പെടുത്തലുകളുണ്ടായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് രശ്മിതയുടെ കുറിപ്പ് അവസാനിക്കുന്നത്.

