ദേവസ്വം ബജറ്റില്‍ മതപാഠശാലകള്‍ക്കായി ലക്ഷക്കണക്കിന് രൂപ ഉള്‍പ്പെടുത്തിയിട്ടും നയാപൈസ ചിലവഴിച്ചില്ല; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും സെക്രട്ടറിക്കുമെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കാലങ്ങളായി ദേവസ്വം ബജറ്റില്‍ മതപാഠശാലകള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഉള്‍പ്പെടുത്തിയിട്ടും നയാപൈസ ചിലവഴിക്കാത്ത സാഹചര്യത്തിലാണ് കോടതി ഇങ്ങനൊരു നീക്കം നടത്തിയത്.

1980 മുതല്‍ മതപാഠശാല പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക നിയമങ്ങള്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ നടത്താന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. 2002 ല്‍ നിയമാവലി പരിഷ്‌കരിച്ചെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. മതപാഠശാല ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മാത്ര സുന്ദരേശന്‍ വിഷയമുന്നയിച്ച് ദേവസ്വം ഓംബുഡ്‌സ്മാന് നല്‍കിയ പരാതിയില്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ കോടതി കേസെടുത്തിരിക്കുന്നത്.

ദേവസ്വം കമ്മീഷണര്‍, സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. ഈമാസം 21ന് ഹാജരാകണമെന്ന് കാണിച്ച് പരാതിക്കാരന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.