ആഗ്ര: അച്ഛന്റെ വഴി പിന്തുടരുമെന്നും വ്യോമസേനയില്‍ ചേരണമെന്നാണ് ആഗ്രഹമെന്നും കൂനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വിങ്ങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ മകള്‍ ആരാധ്യ. പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. മാര്‍ക്ക് അല്ല പഠനത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ടെന്ന് ആരാധ്യ പറഞ്ഞു.
2006-ലാണ് പി.എസ് ചൗഹാനും കുടുംബവും മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്ന് ആഗ്രയിലെത്തിയത്. 2000ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേര്‍ന്നത്. എലൈറ്റ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് പൃഥ്വി സിങ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത്. 2015-ല്‍ വിങ് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ചു. കോയമ്പത്തൂരിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു.
പന്ത്രണ്ടുവയസുകാരി ആരാധ്യയും സഹോദരനായ ഏഴു വയസ്സുകാരന്‍ അവിരാജും ചേര്‍ന്നാണ് പി.എസ് ചൗഹാന്റെ ചിതക്ക് തീകൊളുത്തിയത്. വ്യോമസേനയുടെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും പ്രതിനിധികള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

