ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരിച്ചത് ജനങ്ങളുടെ മനസ്സില്‍ ആശങ്കയുളവാക്കിയതായി ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ചൈന പാകിസ്താന് എന്നീ രാജ്യങ്ങള്‍ക്കെതിരെ സൈനിക നീക്കങ്ങള്‍ നടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ജനറല്‍ റാവത്ത്. അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങള്‍ ജനങ്ങളില്‍ സംശയം ഉയര്‍ത്തുന്നതിന് കാരണമാകും.
സേനയെ ആധുനികവത്കരിച്ചതായി അവകാശവാദം ഉന്നയിക്കുമ്പോഴും എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നും ശിവസേന നേതാവ് ചോദിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ജനറല്‍ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി. ഈ അപകടത്തില്‍ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിലായിരിക്കാം. പ്രതിരോധ മന്ത്രിയോ പ്രധാനമന്ത്രിയോ ജനങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെ ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടത്.

