തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഓര്‍മ്മയില്‍ കേരളവും. 2018ല്‍ സംസ്ഥാനത്തെ പ്രളയത്തില്‍ അന്നത്തെ കരസേനാ മേധാവി ചെയ്ത സഹായങ്ങള്‍ കേരളം മറന്നിട്ടില്ല. പേമാരിയും ചുഴലിക്കാറ്റും മലവെള്ളപ്പാച്ചിലും ദുരന്തം വിതച്ചപ്പോള്‍ സംസ്ഥാനത്ത്
രക്ഷാപ്രവര്‍ത്തനങ്ങളില്‍ കരസേന മുന്നിലുണ്ടായിരുന്നു. അതിനായുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയത് മേധാവിയായ ബിപിന്‍ റാവത്തായിരുന്നു. കരസേനയുടെ എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കാനായിരുന്നു അദ്ദേഹം നല്‍കിയ അധികൃതര്‍ക്ക് നിര്‍ദേശം. ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.എം ശേഖര്‍ കുര്യാക്കോസ് ഓര്‍മ്മ പങ്കുവെക്കുകയാണ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പിലൂടെ…
‘ഇന്ത്യയുടെ ജനറല്‍, ഒരു മനുഷ്യസ്നേഹി, ആ ഒരു ഫോണ്‍ വിളി… 2018ലെ പ്രളയം അതിന്റെ തീവ്രതയില്‍ നില്‍ക്കുമ്‌ബോള്‍ ബഹു. മുഖ്യമന്ത്രി കരസേനയോട് അവരുടെ ഒരു പ്രത്യേക വിഭാഗത്തെ കേരളത്തില്‍ വിന്യസിക്കാമോ എന്ന് ഒരു യോഗത്തില്‍ ചോദിച്ചു. നമ്മുടെ ബ്രിഗേഡിയര്‍ അരുണ്‍ സാര്‍ അതിനു ശ്രമിക്കാം എന്നും പറഞ്ഞു. യോഗം കഴിഞ്ഞ് തിരികെ കുര്യന്‍ സാറിന്റെ മുറിയില്‍ എത്തി. കുറച്ച് കഴിഞ്ഞപ്പോ എന്റെ ഔദ്യോഗിക മൊബൈലില്‍ നമ്ബര്‍ തെളിയാത്ത ഒരു കോള്‍ വന്നു. ഒരു കോളും എടുക്കാതെ ഇരിക്കരുത് എന്നതിനാല്‍ ഫോണ്‍ എടുത്തു. എടുക്കാതെ ഇരുന്നെങ്കില്‍ ഇങ്ങനെ ഇന്ന് ഓര്‍ക്കുവാന്‍ കഴിയില്ലായിരുന്നു.
ഘനഘാംഭീര്യമുള്ള ഒരു ശബ്ദം എന്നോടു പറഞ്ഞു. ഇന്ത്യയുടെ കരസേനാ മേധാവിക്ക് എന്നോട് സംസാരിക്കണം, ഫോണ്‍ കണക്ട് ചെയ്യുന്നു എന്ന്. നമ്മുടെ എയര്‍ മാര്‍ഷല്‍ സുരേഷ് സാര്‍, വൈസ് അഡ്മിറല്‍, മേജര്‍ ജനറല്‍മാര്‍ എന്നിവരോടൊക്കെ ആ സമയങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ പട്ടാള തലവന്‍ നേരിട്ടു വിളിക്കുന്നു! ഭയവും, ബഹുമാനവും ഒക്കെ കലര്‍ന്ന സ്വരത്തോടെ സര്‍, ഗുഡ് ഈവെനിംഗ് എന്ന് പറഞ്ഞ് ആരംഭിച്ചു. തിരികെ അദ്ദേഹം പേര് പറഞ്ഞ് പരിചയപ്പെടുത്തി. കേരളത്തിലെ സ്ഥിതി ഗതികള്‍ വിശദമായി ചോദിച്ച് അറിഞ്ഞു. ബാധിക്കപ്പെട്ട പ്രധാന സ്ഥലങ്ങള്‍, നിയോഗിക്കപ്പെട്ട സേനകളുടെ വിവരങ്ങള്‍, മരണങ്ങളുടെയും, പരുക്കേറ്റവരുടെയും വിവരങ്ങള്‍ എന്നിവയും ചോദിച്ചു.
കരസേനയുടെ അധിക സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ പറഞ്ഞു. അരുണ്‍ സാറിന് എല്ലാ കാര്യങ്ങളും അറിയാം എന്നും, കുറച്ചു മുന്‍പ് നടന്ന യോഗത്തില്‍ ബഹു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതും ഞാന്‍ അറിയിച്ചു. കൂടുതല്‍ ആവശ്യങ്ങള്‍ അറിയാന്‍ കുര്യന്‍ സാറിനെയും, ചീഫ് സെക്രട്ടറിയെയും വിളിക്കുന്നത് ഉചിതം ആകും എന്ന് അദേഹത്തെ അറിയിച്ചു.
ഏകദേശം 10 മിനിറ്റ് സംസാരിക്കുകയും കുര്യന്‍ സാറിന്റെയും, ചീഫ് സെക്രട്ടറിയുടെയും വ്യക്തിഗത നമ്ബര്‍ അദേഹത്തിന്റെ സഹായിയായ ഉദ്യോഗസ്ഥന് നല്‍കുവാനും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ജനങ്ങളോട് നമ്മുടെ വിഷമ ഘട്ടത്തില്‍ ഐക്യപ്പെട്ടുകൊണ്ട്, ‘ജയ് ഹിന്ദ്’ എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹം ഫോണ്‍ വെച്ചു.
ഇന്ത്യയുടെ കരസേനാ മേധാവിക്ക് ഈ വിവരങ്ങള്‍ അറിയാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്. എന്നിട്ടും കേരളത്തിലെ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് ചോദിക്കുന്നത് അദേഹത്തിലെ ഉത്തരവാദിത്തബോധം ഉള്ള മനുഷ്യസ്നേഹിയെ ആണ് കാണിക്കുന്നത്. കേരളത്തോട് കരസേന കാണിച്ച കരുതല്‍ ആണ് അത്. അദേഹത്തിന്റെ കുടുംബത്തോടൊപ്പം നമ്മള്‍ മലയാളികളും ഉണ്ടാകണം, ഉണ്ടാകും. നമ്മുടെ കരസേന 2018ലും 2019ലും നമുക്ക് നല്‍കിയ എല്ലാ സേവനങ്ങളിലും അദേഹത്തിന്റെ നേതൃത്വവും പങ്കും ഉണ്ട്. ഇന്ത്യയുടെ ജനറല്‍, ഒരു മനുഷ്യസ്നേഹി, ആ ഒരു ഫോണ്‍ വിളി…’

