ന്യൂഡൽഹി: രാജ്യത്ത് അടുത്ത സംയുക്ത സൈനിക മേധാവിയെ ഉടൻ നിയമിക്കാൻ സാധ്യത. ഇതിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായാണ് റിപ്പോർട്ട്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പിൻഗാമിയാകാൻ കരസേനാ മേധാവി എംഎം നരവാനെയ്ക്കാണ് സാധ്യതയെന്നാണ് വിവരം. ഒരാഴ്ച മുതൽ പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
നിലവിലെ സേനാ മേധാവികളിൽ കരസേനാ മേധാവി ജനറൽ എം. എം. നരവനെയാണ് ഏറ്റവും മുതിർന്നയാൾ. സീനിയോറിറ്റി പരിഗണിച്ചാൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി വരാനുള്ള മുഖ്യ പരിഗണനയും അദ്ദേഹത്തിനാണ്.
2022 ഏപ്രിൽ വരെയാണ് കരസേനാ മേധാവിയായി നരവാനെയ്ക്ക് ചുമതലയുള്ളത്. 62 വയസ്സ് അല്ലെങ്കിൽ മൂന്ന് വർഷത്തെ കാലാവധിയിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അതുവരെയാണ് സേന മേധാവിമാർക്ക് ചുമതല വഹിക്കാൻ കഴിയുക.. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു. സംയുക്ത സൈനിക മേധാവിയെ നിയമിക്കുന്ന വിഷയത്തെ കുറിച്ച് യോഗം ചർച്ച ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാൽ യോഗത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഭാവിയിൽ മൂന്ന് സേനാ വിഭാഗങ്ങളേയും ഒരുമിച്ച് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത സൈനിക മേധാവി എന്ന പദവി കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. ബിപിൻ റാവത്താണ് സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് ആദ്യമായി നിയമിതനായത്. ബിപിൻ റാവത്തിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവ് എത്രയും വേഗം നികത്തണമെന്നാണ് കേ്ന്ദ്ര സർക്കാരിന്റെ തീരുമാനം. നിയമം അനുസരിച്ച് ഏതൊരു കമാൻഡിങ് ഓഫീസർക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. നാല് സ്റ്റാറുകളുള്ള ജനറൽ പദവിയിലോ സമാന റാങ്കിലുള്ള എയർ ചീഫ് മാർഷൽ (വ്യോമസേന), അഡ്മിറൽ (നാവികസേന) എന്നിവർക്കും സി.ഡി.എസ് പദവിയിൽ എത്താം.
2019 ഡിസംബർ 31 ന് കരസേനാ മേധാവിയായി ചുമതലയേറ്റത്. ബിപിൻ റാവത്തിന്റെ പിൻഗാമിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കരസേനയുടെ 40-ാം ഉപമേധാവിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

