ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നുണ്ടായ ഞെട്ടലിലാണ് രാജ്യം. ഹെലികോപ്ടർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഹെലികോപ്ടർ അപകടത്തിന്റെ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ പ്രാർത്ഥനകളെയെല്ലാം വിഫലമാക്കി വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ മരണ വാർത്ത വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു.
2020 മാർച്ച് മാസമാണ് ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി നിയമിതനായത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന് നൽകിയിരുന്ന ചുമതല. ഇന്ത്യൻ സൈന്യത്തിലെ നിർണായക സാന്നിദ്ധ്യത്തെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അടുത്ത സമയങ്ങളിൽ ഇന്ത്യ നടത്തിയ നിർണ്ണായക സൈനിക നീക്കങ്ങളുടെ ചാലക ശക്തി കൂടിയായിരുന്നു അദ്ദേഹം. ചൈനയുടേയും പാകിസ്താന്റെയും വെല്ലുവിളികളെ മനസിലാക്കി ഇന്ത്യൻ സൈന്യത്തിന് അദ്ദേഹം കരുത്ത് പകർന്ന് നൽകി.
ഉറി ഭീകരാക്രമണത്തിനു ശേഷം പാകിസ്താന് തിരിച്ചടി നൽകാൻ സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും റാവത്തും ചേർന്നാണ്. 2016 സെപ്റ്റംബർ 18 നായിരുന്നു ഉറിയിൽ ഭീകരാക്രമണം നടന്നത്. 10 ദിവസത്തെ ആസൂത്രണങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകി. ഇന്ത്യയുടെ സൈനിക ശക്തി എത്രത്തോളമാണെന്ന് പാകിസ്താനെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഇന്ത്യ തിരിച്ചടി നൽകിയത്.
ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നിൽ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകളെ രാജ്യത്തിന് പുറത്ത് മ്യാൻമറിൽ കടന്ന് നടത്തിയ സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ പാരാ കമാന്റോകളായിരുന്നു. ചൈനയ്‌ക്കെതിരെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യം നടത്തിയ പോരാട്ടത്തിനും അദ്ദേഹം എല്ലാവിധ പിന്തുണയും പകർന്നു നൽകിയിരുന്നു.
സംയുക്ത സൈനിക മേധാവി എന്ന നിലയിൽ മുഴുവൻ സേനാ വിഭാഗങ്ങൾക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ ഒരു മടിയും കാണിച്ചില്ല. പ്രതിരോധ മന്ത്രാലയവുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സേനാവിഭാഗങ്ങളുടെ ഏതാവശ്യവും വളരെ വേഗത്തിൽ പൂർത്തീകരിച്ച് നൽകിയത്.

