ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി രഗത്ത്. ”ഞാന്‍ ഏത് ക്ഷേത്രത്തിലാണ് പോകുന്നതെന്നും പോകാത്തതെന്നും യോഗിജിക്ക് എങ്ങനെ അറിയാം? അദ്ദേഹം എനിക്ക് മതത്തെക്കുറിച്ചും എന്റെ വിശ്വാസത്തെക്കുറിച്ചും സര്‍ട്ടിഫിക്കറ്റ് നല്‍കുമോ? എനിക്ക് യോഗിയുടെ സര്‍ട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല,” പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ലഖ്നൗവില്‍ വനിതാ പ്രകടനപത്രിക പുറത്തിറക്കാന്‍ എത്തിയപ്പോഴാണ് യോഗിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പ്രിയങ്ക മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ സ്ത്രീകള്‍ക്കായി നിരവധി പ്രഖ്യാപനങ്ങളും പ്രിയങ്ക നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍, കോളജ് പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടറുകള്‍, സ്ത്രീകള്‍ക്ക് മൂന്ന് സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍ എന്നിവയാണ് പ്രിയങ്കയുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവ. ഏത് തരത്തിലുള്ള അസുഖത്തിനും രോഗത്തിനും സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.
അതേസമയം, യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ‘പൊലീസ് കേസെടുക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. പൊലീസില്‍ 25 ശതമാനം സ്ത്രീകളായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാ സ്റ്റേഷനിലും കുറഞ്ഞത് ഒരു വനിതാ ഓഫീസറും കോണ്‍സ്റ്റബിളും ഉണ്ടായിരിക്കണം’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

