ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തും; ആരും കൊതിക്കുന്ന നാടാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആരും കൊതിക്കുന്ന നാടാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുനന്തിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കാനൊരുങ്ങുകയാണ്. കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ, രാജ്യാന്തര റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോള്‍ പിന്നിലാണ്. എന്നാല്‍, എല്ലാ പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ട് ആധുനികകാലത്തിനനുസരിച്ചു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും. കാലാനുസൃതമായ കോഴ്‌സുകള്‍ ആരംഭിക്കണം. മികച്ച ലൈബ്രറിയും ലബോറട്ടറിയും ഹോസ്റ്റലുകളും വരണം. അതുവഴി ഓരോ വിദ്യാഭ്യാസ സ്ഥാപനവും രാജ്യത്തെ ഏറ്റവും മികച്ച പത്തില്‍ ഒന്നായും ലോകത്തെ മികച്ച 100 സ്ഥാപനങ്ങളിലൊന്നായും മാറേണ്ടതുണ്ട്. അങ്ങനെയായാല്‍ കോഴ്‌സുകള്‍തേടി മറ്റു സംസ്ഥാനങ്ങളിലേക്കു കുട്ടികള്‍ പോകുന്ന സ്ഥിതി മാറും. വിദേശത്തുനിന്നുപോലും കുട്ടികള്‍ പഠനത്തിനായി ഇവിടെയെത്തും – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്‌കാര സമ്പന്നത കൊണ്ടും, നല്ല കാലാവസ്ഥ കൊണ്ടും മനംമയക്കുന്ന പ്രകൃതിരമണീയതയാലും മുന്നില്‍ നില്‍ക്കുന്ന നാടാണു കേരളം. എല്ലാറ്റിലുമുപരി ജീവിക്കാന്‍ ഏറ്റവും സമാധാനം നിറഞ്ഞതും ഒരു ഭേദചിന്തയുമില്ലാതെ മനുഷ്യനു മനുഷ്യനോട് ഇടപഴകാന്‍ കഴിയുന്നതുമായ നാടാണ്. അങ്ങനെയുള്ള നാട്ടിലേക്കു കടന്നുവരാന്‍ ആരും ആഗ്രഹിക്കും. ഇതിനായി യുവത കൂടുതല്‍ ഉണര്‍വിലേക്കു നീങ്ങണം. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. 40 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന ബ്രഹത് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.