ഇരട്ടച്ചങ്കനാണെങ്കിലും സംഘടിത വർഗീയ ശക്തികൾ പറഞ്ഞാൽ പിണറായി തീരുമാനം മാറ്റും; പരിഹാസവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിട്ടതു വിപ്ലവകരമാണെന്നാണ് ഇത്രയും ദിവസം ഇടത് അനുയായികൾ പാടി നടന്നതെന്നും സംഘടിത വർഗീയ ശക്തികൾ പറഞ്ഞതോടെ പിണറായി വിജയൻ തീരുമാനം മാറ്റിയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇരട്ടച്ചങ്കനും നവോത്ഥാന നായകനുമൊക്കെയാണെങ്കിലും സംഘടിത വർഗീയ ശക്തികൾ പറഞ്ഞാൽ പിണറായി തീരുമാനം മാറ്റുമെന്നും അദ്ദേഹം വിമർശിച്ചു. സമ്മർദ്ദ ശക്തികളുടെ ഇടപെടലാണ് പിണറായി വിജയന്റെ എല്ലാ തീരുമാനങ്ങളിലും കാണുന്നതെന്ന് കെ. സുരേന്ദ്രൻ. വർഗീയ ശക്തികളുടെ താൽപര്യം മുൻനിർത്തി വോട്ടുബാങ്ക് ലക്ഷ്യംവെച്ചാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. തലശ്ശേരിയിൽ ബിജെപിക്കാരെ അറസ്റ്റ് ചെയ്തപ്പോൾ കൊച്ചുകുട്ടികളുടെ മേൽ ഭീകരവാദികൾ ബാബറി ബാഡ്ജ് കുത്തിയത് കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാൻ മോഡലാണ് എൽഡിഎഫ് സർക്കാരിന് സ്വീകാര്യം. ശബരിമലയിൽ ഹിന്ദുവിനെതിരെ നിലകൊണ്ടപ്പോൾ വഖഫ് വിഷയത്തിൽ മുസ്ലീം ലീഗ് അടക്കമുള്ള വർഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ തീരുമാനങ്ങളിലും ജനങ്ങളെ വിവേചനത്തിലൂടെ കാണുന്ന പിണറായി സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. തീരുമാനങ്ങളിൽ ആത്മാർത്ഥതയില്ലാതെ തൊലിക്കട്ടിയുടെ കാര്യത്തിൽ പിണറായി വിജയൻ കണ്ടാമൃഗത്തെ തോൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.