കോഴിക്കോട്: യാത്രക്കാർക്ക് ആശ്വാസ നടപടി. കരിപ്പുർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധന നിരക്ക് കുറച്ചു. 910 രൂപയാണ് കുറച്ചത്. 1,580 രൂപയാണ് ഇനി റാപ്പിഡ് പിസിആർ പരിശോധനക്കായി നൽകേണ്ടത്. 2,490 രൂപയായിരുന്നു നേരത്തെ നൽകേണ്ടിയിരുന്നത്. എയർപോർട്‌സ് അതോറിറ്റി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്.
അതേസമയം വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മറ്റിയിലും പാർലമെന്ററി സ്ഥിരം സമിതിയിലും കെ മുരളീധരൻ എംപി റാപ്പിഡ് പിസിആർ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. തുടർന്ന് നിരക്ക് കുറയ്ക്കാമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബൻസൽ അറിയിക്കുകയും ചെയ്തിരുന്നു.

