കർഷക പ്രതിഷേധം അവസാനിപ്പിക്കാൻ നടപടികളുമായി കേന്ദ്രം

ന്യൂഡൽഹി: കാർഷിക സംഘടനകളുടെ പ്രതിഷേധം അവസാനിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. താങ്ങുവില ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇക്കാര്യം കാർഷിക സംഘടനകൾക്ക് കേന്ദ്രം രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ട്.

എന്നാൽ സർക്കാർ നൽകിയ ഉറപ്പുകളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് കർഷക സംഘടനകൾ പറയുന്നത്. സമരത്തിന്റെ ഭാവിയും സർക്കാരിന്റെ നിർദേശങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്യാനായി അഞ്ചംഗ സമിതി നാളെ യോഗം ചേരും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത്.

എംഎസ്പി സംബന്ധിച്ച കമ്മിറ്റിയിൽ സംസ്ഥാന സർക്കാരുകളുടേയും കർഷകരുടേയും വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പാക്കുമെന്നും ഉത്തർപ്രദേശ്, ഹരിയാണ സർക്കാരുകൾ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പു നൽകിയിട്ടുണ്ട്. കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ മറ്റു സംസ്ഥാന സർക്കാരുകൾക്കും നിർദ്ദേശം നൽകുമെന്നും കേന്ദ്രം നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ഹരിയാണ, ഉത്തർപ്രദേശ് സർക്കാരുകൾ നഷ്ടപരിഹാരം നൽകുമെന്ന് തത്വത്തിൽ അംഗീകരിച്ചതായും കത്തിൽ വിശദമാക്കുന്നു. പഞ്ചാബ് സർക്കാർ ഇതിനോടകം തന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.