തിരുവനന്തപുരം: അനുമതിയില്ലാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്നും വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്നും നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പത്തിനും തെറ്റിധാരണക്കും ഇത് കാരണമാകുന്നുണ്ട്. അത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ആധികാരികമല്ലാത്ത വിവരങ്ങള്‍ പുറത്തു വരുന്നത് വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിസംബര്‍ മൂന്നിനാണ് ഉത്തരവ് ഇറങ്ങിയത്. നേരത്തെ കോഴിക്കോട് ഡിഎംഒ, ജില്ലയില്‍ നിന്നും ഒമൈക്രോണ്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത് ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. അതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം.
അതേസമയം, അട്ടപ്പാടിയിലെ ശിശു മരണവും ഗര്‍ഭിണികളുടെ പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് സമൂഹത്തില്‍ ചര്‍ച്ചയാകുകയും ആരോഗ്യ വകുപ്പിന് നാണക്കേടുണ്ടായ ഈ സംഭവം വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

