ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഡൽഹി -ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടു. 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികൾക്കാണ് അദ്ദേഹം ഇന്ന് തുടക്കം കുറിച്ചത്. ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ്വേ, ദില്ലി-മീററ്റ് എക്സ്പ്രസ്വേ എന്നിവ വഴി ഡൽഹിയെയും ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡാണ് നിർമ്മിക്കുന്നത്. 8,300 കോടി രൂപയാണ് ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ചെലവ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ ആയിരിക്കും ഈ ഇടനാഴിയെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു പുതിയ റോഡാണ് വരുന്നത്. ഇതോടെ ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്കുള്ള ദൂരവും സമയവും ഗണ്യമായി കുറയ്ക്കും. ഹൈവേയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ പേയ്മെന്റ് സാധ്യമാക്കാൻ കഴിയുന്ന തരത്തിലുള്ള ടോൾ സംവിധാനം ഉണ്ടാകുമെന്നും ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുനാനഗർ, ബാഗ്പത്, മീററ്റ്, ബരാൗത്ത് എന്നിവിടങ്ങളിലേക്ക് ഏഴ് പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
500 മീറ്റർ ഇടവേളകളിലും 400-ലധികം വാട്ടർ റീചാർജ് പോയിന്റുകളിലും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്ന പ്രത്യേകതകളുണ്ട്.

