ഒമിക്രോൺ; ഒരിക്കൽ കോവിഡ് വന്ന് ഭേദമായവരിൽ രോഗബാധ വീണ്ടും വരാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് ഗവേഷകർ

covid

ജോഹാന്നസ്ബർഗ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. ഒരിക്കൽ കോവിഡ് വന്ന് ഭേദമായവരിൽ രോഗബാധ വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്നാണ് ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇത്തരമൊരു അനുപാതത്തിൽ എത്തിയത്.

മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും ഗവേഷകർ മുന്നറിയിപ്പ് നൽകി. പഠനത്തിന് വിധേയരായ വ്യക്തികൾ വാക്‌സിൻ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകർക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാൽ വാക്സിൻ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുമെന്ന കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഗവേഷകർ വിശദമാക്കി.

കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളിൽ 35,670 പേർക്ക് ഒരിക്കൽ കോവിഡ് ബാധിച്ച ശേഷം വീണ്ടും വൈറസ് വൈറസ് ബാധ ഉണ്ടായതായാണ് നവംബർ 27 വരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.